വാഹനം മുന്നോട്ട് ഉരുണ്ട് പോകാതിരിക്കാനായി ടയറുകള്‍ക്ക് മുന്നില്‍വെച്ച തടി ഉരുണ്ടുമാറി; തടികയറ്റിയെത്തിയ പിക്ക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി അപകടം; വീടിന്റെ മതില്‍ പൂര്‍ണമായും തകര്‍ന്നു

കൊല്ലം: തടികയറ്റിയെത്തിയ പിക്ക്അപ്പ് ട്രക്ക് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പള്ളിമുക്കിലാണ് അപകടം. അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്ന് വലിയ ലോറിയിലേക്ക് തടിമാറ്റുകയായിരുന്നു.

വാഹനം മുന്നോട്ട് ഉരുണ്ട് പോകാതിരിക്കാനായി ടയറുകള്‍ക്ക് മുന്നില്‍ തടിവെച്ചിരുന്നു. ഇത് ഉരുണ്ടുമാറിയതോടെയാണ് ഈ പിക്ക്അപ്പ് മുന്നിലേക്ക് ഉരുണ്ട് നീങ്ങിയത്. പിന്നീട് ഇത് വേഗത്തിലാകുകയും സമീപത്തുണ്ടായിരുന്ന മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

സ്ഥിരമായി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മറികടന്നാണ് പിക്ക്അപ്പ് മതിലിലേക്ക് ഇടിച്ചുകയറിയത്. ഈ സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടങ്ങള്‍ ഒഴിവായത്. പിക്ക്അപ്പ് ഇടിച്ചതിനെ തുടര്‍ന്ന് വീടിന്റെ മതില്‍ പൂര്‍ണമായും തകര്‍ന്നു.

വാഹനത്തിന്റെ മുകളില്‍ ഉണ്ടായിരുന്ന ആളുകളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.