പത്തനംതിട്ട കോന്നിയിൽ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം.

പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് – നീതു ദമ്പതികളുടെ മകള്‍ ഹൃദ്യയാണ് മരിച്ചത്.
ഇളയ കുട്ടിയ്ക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന തൊട്ടിലില്‍ കയറിപ്പോള്‍ കഴുത്തില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്.

ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും ഹൃദ്യയുമാണ് ഉണ്ടായിരുന്നത്. അപകടസമയം മുത്തശ്ശൻ പുറത്തേക്ക് പോയിരിക്കുകയായിരുന്നു.

മുത്തശ്ശി അയലത്തുള്ള വീട്ടിലേക്ക് പോയ സമയത്ത് ഹൃദ്യ തൊട്ടിലില്‍ കയറിയിട്ടുണ്ടാകുമെന്നാണ് അനുമാനം. സ്പ്രിംഗ് കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് ഡോക്ടർമാർ പ്രാഥമികമായി പറയുന്നത്. കുട്ടിയുടെ കഴുത്തില്‍ സ്പ്രിംഗ് മുറുകിയ പാടുകളുണ്ട്.

മുത്തശ്ശി തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. പെട്ടെന്ന് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.