‘മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണ്’; അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിച്ച്‌ ഭാര്യ സുനിത കെജ്‌രിവാള്‍

ന്യൂ‌ഡല്‍ഹി: മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍.

ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയണെന്നാണ് സുനിത പ്രതികരിച്ചത്. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ അറസ്റ്റിലായ ശേഷമുള്ള സുനിതയുടെ ആദ്യപ്രതികരണമാണ് ഇത്.

കെജ്‌രിവാളിന്റെ ജീവിതം രാജ്യത്തിന് വേണ്ടിയാണെന്നും മോദിക്ക് അധികാരത്തിന്റെ അഹങ്കാരമാണെന്നും സുനിത കുറിച്ചു.

‘കെജ്‌രിവാളിന്റെ ജീവിതം രാജ്യത്തിനായിട്ടാണ്. മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. എല്ലാം തകർക്കാനാണ് മോദിയുടെ ശ്രമം. ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വ‌ഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് ഇത് എല്ലാം അറിയാം. ‘ജയ്‌ഹിന്ദ്’.- സുനിത എക്സില്‍ കുറിച്ചു.