സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രീമിയം കഫേകൾ ആരംഭിച്ചത് കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യം മനസ്സിലാക്കിയാണെന്ന് മന്ത്രി എം.ബി രാജേഷ്; കോഴായിൽ കെ.എം മാണി തണൽ വിശ്രമ കേന്ദ്രത്തിൽ കുടുംബശ്രീ പ്രീമിയം കഫേയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കുറവിലങ്ങാട്: കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യം മനസ്സിലാക്കിയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രീമിയം കഫേകൾ ആരംഭിച്ചതെന്നു മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോഴായിൽ കെ.എം മാണി തണൽ വിശ്രമ കേന്ദ്രത്തിൽ കുടുംബശ്രീ പ്രീമിയം കഫേയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വനിതകളുടെ പ്രവർത്തനങ്ങളെ തിരുത്തിക്കുറിച്ച സംഘടനയാണ് കുടുംബശ്രീ. ഇവരുടെ മികവ് പരിഗണിച്ചാണ് കോവിഡ് കാലത്തു സർക്കാർ ജനകീയ ഹോട്ടലുകൾ ആരംഭിച്ചതെന്നും പറഞ്ഞു. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ എംസി റോഡരികത്തു നിർമിച്ച കെ.എം. മാണി തണൽ വിശ്രമ കേന്ദ്രം ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്‌തു.

വിശ്രമ കേന്ദ്രത്തിൽ മുൻ മന്ത്രി കെ.എം മാണിയുടെ ഛായാചിത്രം മന്ത്രി എംബി രാജേഷ് അനാഛാദനം ചെയ്‌തു. കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എച്ച്.ദിനേശൻ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ്, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ജില്ലാ പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷരായ പി.എം മാത്യു, മഞ്ജു സുജിത്ത്,ഹൈമി ബോബി, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷരായ സ്‌മിത അലക്‌സ്‌, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്‌ടർ ബിനു ജോൺ, കുടുംബശ്രീ ജില്ലാ മിഷൻ ഡിഎംസി അഭിലാഷ് ദിവാകർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ഉഴവൂർ ബിഡിഒ ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കെ.എം മാണി തണൽ വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണ് നിർമാണത്തിനു വകയിരുത്തിയത്. 3 നിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിനാണ് കെട്ടിടം. രണ്ടാം നിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്.

മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്‌ജ് സ‌ജ്ജമാക്കും. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു പ്രീമിയം കഫേ നടത്തിപ്പു ചുമതല. ബ്ലോക്ക് പരിധിയിലെ 8 പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു വിദഗ്ധ പരിശീലനം ലഭിച്ച 40 വനിതകളാണ് ജീവനക്കാർ.

തദ്ദേശമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രാർഥനാ ഗീതത്തിനു പകരം പാടിയതു കുടുംബശ്രീയുടെ മുദ്രഗീതം. എല്ലാവരും പ്രാർഥനാ ഗീതമാണെന്നു കരുതി എഴുന്നേറ്റു. പക്ഷേ, പാടിയത് മുദ്ര ഗീതമായതു കൊണ്ടു മന്ത്രി ഇരിപ്പിടത്തിൽ ഇരിക്കുകയും ചടങ്ങിൽ പങ്കെടുത്ത ജോസ് കെ.മാണി എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവരെ കൂടെ കൂട്ടുകയും ചെയ്തു. ഇതോടെ മറ്റുള്ളവരും ഇരുന്നു.

സമ്മേളനം നടന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ ആവശ്യത്തിനു വേസ്‌റ്റ് ബിന്നുകൾ സ്ഥാപിക്കാത്ത കാര്യവും മന്ത്രി ചൂണ്ടിക്കാണിച്ചു. സദസ്സിലെ ആളുകളുടെ എണ്ണത്തിനു അനുസരിച്ചു ബിന്നുകൾ സ്ഥാപിച്ചിട്ടില്ലെന്നും ഇതു അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച പ്രീമിയം കഫേയിൽനിന്നു ഉച്ചഭക്ഷണവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.