ഓഫറുകളും വിലക്കുറവും; സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ നാളെ മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ നിർവഹിക്കും.

അഡ്വ. ആന്‍റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗണ്‍സിലർ എസ്. ജാനകി അമ്മാള്‍, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം നാളെ മുതല്‍ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രില്‍ 14 വിഷു ദിനവും, ഏപ്രില്‍ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകള്‍ തുറന്നു പ്രവർത്തിക്കും.

സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച്‌ നല്‍കുന്നുണ്ട്.