സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടി ഉയരും; ആവേശക്കൊടുമുടിയില്‍ കൊല്ലം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് കൊടി ഉയരും.

കൊടിമര – പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് എത്തിച്ചേരും.
ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകള്‍ സംഗമിക്കുക.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാല്‍ പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന്റെ തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ പ്രയാണവും ഇന്ന് കൊല്ലത്ത് എത്തിച്ചേരും.
പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് ദീപശിഖ സ്ഥാപിക്കുക.

പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറില്‍ സിപിഎം കോ ഓർഡിനേറ്റർ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സമ്മേളനത്തിന്റെ ഭാഗമാകും.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാല്‍ സിപിഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം കടക്കുന്നത്.