കുമരകം: കോട്ടയം – കുമരകം റോഡിൽ അപകടം പതിവാകുന്നു. ചക്രംപടിക്കു സമീപം കാർ നിയന്ത്രണം വിട്ടു സമീപത്തെ വെള്ളക്കെട്ടിലേക്കു ഇറങ്ങി. ഇന്നലെ പുലർച്ചെ ആണ് അപകടം ഉണ്ടായത്.
കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിക്കില്ല. കുമരകത്തെ ഹോട്ടലിൽ നിന്നു വിനോദ സഞ്ചാരികളെ നെടുമ്പാശേരിയിൽ ഇറക്കിയ ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. കാർ കുഴിയിലേക്കു വീഴുന്നതിനിടെ ഇടിച്ചു മുൻഭാഗം തകർന്നു. ടയറും പൊട്ടി. ഡ്രൈവർ ഉറങ്ങി പോയതാകാനാണു സാധ്യത എന്ന് പൊലീസ് പറഞ്ഞു.
ക്രെയിൻ ഉപയോഗിച്ചു കാർ കരയ്ക്കു കയറ്റി. നേരത്തെയും കുമരകം റോഡിൽ കാറും മറ്റ് വാഹനങ്ങളും ഇതുപോലെ അപകടത്തിൽപെട്ട സംഭവം ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രണം വിട്ടു റോഡ് വശത്തെ കുഴിയിലേക്കു വീഴുകയാണ് പതിവ്.
