കോട്ടയം: സിപിഎം ജില്ലാ സെക്രട്ടറി എ വി റസലിനു വിട ചൊല്ലി നാട്. മകൾ ചാരുലത ചിതയ്ക്കു തീ കൊളുത്തി. വാഴൂർ റോഡിൽ തെങ്ങണ ആഞ്ഞിലിമൂട്ടില്‍ വീട്ടിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30 ഓടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
റസലിന്റെ ഭാര്യ ബിന്ദു, മകൾ ചാരുലത, മരുമകൻ അലൻദേവ് എന്നിവർ അന്ത്യചുംബനം നൽകി. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും പ്രവർത്തകരും അന്ത്യോപചാരം അർപ്പിച്ചു. സംസ്കാരത്തിനു ശേഷം അനുശോചന യോഗം ചേർന്നു.
മന്ത്രിമാരായ വി.എൻ.വാസൻ, സജി ചെറിയാൻ, വീണാ ജോർജ്, ജെ.ചിഞ്ചുറാണി, ജോസ് കെ.മാണി എംപി, ഗവ. ചീഫ് വിപ് ഡോ.എൻ.ജയരാജ് എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.പി.ചിത്തരഞ്ജൻ, മാണി സി.കാപ്പൻ, സിപിഎം നേതാക്കളായ പി.കെ.ബിജു, കെ.ജെ.തോമസ്, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.ബി.ബിനു, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ശിവഗിരിമഠം സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ഉപാധ്യക്ഷൻ മാത്യൂസ് ജോർജ്, എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ചെയർമാൻ സണ്ണി തോമസ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ.ലാലി, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ.നൗഷാദ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
