കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തില്‍ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍.
അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായിരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതല്‍ രാഹുല്‍ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുല്‍ ഡി നായര്‍. രാഹുലിന്റെ പോസ്റ്റ്മോര്‍ട്ടം നാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.
ഹോട്ടലില്‍ നിന്ന് പാഴ്സലായി വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ ആരോഗ്യസ്ഥിതി മോശമായത്. 24 കാരനായ രാഹുല്‍ കാക്കനാട്ടെ സെസിലെ ജീവനക്കാരനായിരുന്നു. ഗുരുതരാവസ്ഥിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
അന്നുമുതല്‍ വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവൻ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സംഭവിച്ചു. സെപ്റ്റിക് ഷോക്ക് മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
