കാസര്‍ഗോഡ്: കള്ളക്കേസുണ്ടാക്കി ബിജെപിയെ തകര്‍ക്കാമെന്ന് വിചാരിക്കേണ്ടന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
മഞ്ചേശ്വരം കേസ് രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി സിപിഎമ്മുകാര്‍ ചമച്ച പച്ചയായ കള്ളക്കേസാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഇപ്പോള്‍ എടുത്തിരിക്കുന്ന കേസുകള്‍ കൊണ്ട് ഞങ്ങളെ തീര്‍ക്കാനാകുമെന്ന് ആരും വിചാരിക്കേണ്ടന്നും മഞ്ചേശ്വരം, ബത്തേരി, കൊടകര കേസുകളെല്ലാം കള്ളക്കേസുകളാണെന്ന് കോടതിയില്‍ തെളിയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേസില്‍ ബുധനാഴ്ച കോടതിയില്‍ ജാമ്യം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈംബ്രാഞ്ച് രണ്ട് വര്‍ഷം അന്വേഷണം നടത്തി കോടതിയില്‍ സമര്‍പ്പിച്ച കേസാണിത്. പ്രോസിക്യൂഷന്‍ വാദങ്ങളൊന്നും തന്നെ കോടതിയില്‍ നിലനില്‍ക്കില്ല.
ചോദ്യം ചെയ്യലിന്റെ ഘട്ടത്തില്‍ പോലും അറസ്റ്റ് ചെയ്യാത്തത് അതുകൊണ്ടാണ്. ഞങ്ങള്‍ അന്വേഷണത്തോട് തുടക്കം മുതലേ സഹകരിച്ച് വരുകയാണ്. വിടുതല്‍ ഹര്‍ജിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ചാര്‍ജ് ഷീറ്റ് തന്നെ റദ്ദ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.
അത് അടുത്ത മാസം 15 ന് കോടതി പരിഗണിക്കുകയാണ്. ഇത് കള്ളക്കേസാണെന്ന് കോടതിയില്‍ തെളിയിക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. കേസില്‍ ജാമ്യം ലഭിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചതാണ്. ജാമ്യം ലഭിക്കില്ലെന്ന് ആരെങ്കിലും വിചാരിച്ചുവെങ്കില്‍ അവര്‍ നിരാശരായി എന്ന് മാത്രം. പട്ടികജാതി പീഡന നിയമമൊക്കെ ചുമത്തിയ കേസ് ഒരു കോടതിയിലും നിലനില്‍ക്കില്ലെന്ന് വ്യക്തമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
