കൊച്ചി: വരുമാനത്തില്‍ വൻ വര്‍ധനയുമായി കൊച്ചി മെട്രോ.
2020-21 വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വര്‍ധിച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145% അധികവരുമാനം നേടിയ കെ.എം.ആര്‍.എല്‍. ആദ്യമായി പ്രവര്‍ത്തന ലാഭത്തിലെത്തി.
5.35 കോടിയാണ് ഇത്തവണത്തെ പ്രവര്‍ത്തനലാഭം.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവും വരവും ആസ്പദമാക്കിയാണ് പ്രവര്‍ത്തനലാഭം കണക്കാക്കുന്നത്. മെട്രോയുടെ നിര്‍മാണത്തിനും സാങ്കേതികവിദ്യക്കും വേണ്ടിവന്ന വായ്പകളും മറ്റു നികുതികളും അടയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ലാഭമുയര്‍ത്തി ഇതിനുകൂടി വേണ്ട വരുമാനം കണ്ടെത്താനാണ് ശ്രമമെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടമാണ് ആദ്യമായി പ്രവര്‍ത്തനലാഭത്തിലെത്താന്‍ കെ.എം.ആര്‍.എല്ലിനെ സഹായിച്ചത്. കോവിഡിനുശേഷം 2021 ജൂലൈയില്‍ മെട്രോയിലെ പ്രതിമാസയാത്രക്കാര്‍ 12,000 മാത്രമായിരുന്നു.
എന്നാല്‍, 2022 സെപ്തംബറില്‍ 75,000-ലേക്കും ഈ വര്‍ഷം ജനുവരില്‍ 80,000-ലേക്കും യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇപ്പോള്‍ പ്രതിമാസം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ മെട്രോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
