വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസ്; ചെന്നൈയില്‍ പിടിയിലായ നടൻ ഷിയാസ് കരീമിനെ നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻ

കാസാർഗോഡ്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ചെന്നൈയില്‍ പിടിയിലായ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെ നാട്ടിലെത്തിച്ചു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

അതേസമയം കഴിഞ്ഞ ദിവസം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായതിന് പിന്നാലെയാണ് കേസില്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം ലഭിച്ചത്. ജിംനേഷ്യം പരിശീലകയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് ഷിയാസിനെതിരേയുള്ള പരാതി.

ജിംനേഷ്യത്തില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിക്കാരി ആരോപിച്ചിരുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിച്ചിരുന്നു.