രാജ്യത്ത് വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. റിട്ടയർമെന്റ് ഹോമുകൾക്കായി 30 കോടി വകയിരുത്തി. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബജറ്റെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നു. റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. 2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തവണ എല്‍ഡേര്‍ളി ബജറ്റ് ( വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ അവതരിപ്പിക്കുന്നുവെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
അതേസമയം ഇന്നത്തെ ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. 48,383.83 കോടി രൂപ രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷനായി നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും രണ്ടായിരം രൂപ വീതെ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും 54000 കോടി രൂപ ക്ഷേമപെന്‍ഷനായി നല്‍കും. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് കുടിശിക അടക്കം 35,089 രൂപ നല്‍കി. 90000 കോടി രൂപ ഒന്ന് രണ്ട് പിണറായി സര്‍ക്കാര്‍ക്ഷേമപെന്‍ഷനായി നല്‍കിയെന്നും അദ്ദേഹം വിശദമാക്കി. സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപയും ഈ ബജറ്റിൽ നീക്കിവെച്ചു. നിലവില്‍ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
