ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കും, നിസ്കരിക്കുന്നതിനിടെ പള്ളിയില്‍ കയറി യുവാവിന്റെ വിദ്വേഷ പരാമര്‍ശം

താമരശ്ശേരി: നിസ്കരിക്കുന്നതിനിടെ പള്ളിയില്‍ കയറി ജയ്ശ്രീറാം മുഴക്കിയും വിദ്വേഷ പരാമര്‍ശം നടത്തിയും യുവാവ്. കോഴിക്കോട് താമരശ്ശേരി പള്ളിയിലാണ് സംഭവം.

താമരശ്ശേരി കാരാടി ജുമാമസ്ജിദില്‍ നിസ്‌കാരം നടക്കുന്ന സമയത്ത് പള്ളിക്കുള്ളിൽ കയറിയാണ് ഇയാൾ പരാമർശം നടത്തിയത്. സംഭവത്തിൽ താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ അഭിജയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിക്കുമെന്ന് പറഞ്ഞാല്‍ വിളിക്കുമെന്ന വെല്ലുവിളി ഉയര്‍ത്തുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ വിവാദമായി.

ആളുകള്‍ നിസ്‌കാരത്തിലായതിനാല്‍ ഇയാള്‍ പള്ളിയില്‍ കയറിയത് അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.