തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കോമറിൻ മേഖലയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്.
കേരളത്തില്‍ തുടര്‍ച്ചയായ 5 ദിവസം വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കൻ കേരളത്തിലാണ് മഴ കൂടുതല്‍ ലഭിക്കുക. മഴ തുടരുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം, മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ് തീരത്ത് ഇന്നും മത്സ്യബന്ധനത്തിന് വിലക്കാണ്.
അതേസമയം, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്ക്- കിഴക്കൻ അറബിക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. അതിനാല്‍, തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
