ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പൊലീസുമായുള്ള സംഘര്‍ഷ സംഭവം ; പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

 

ആലപ്പുഴ : പ്രവീണ്‍, മേഘ്‌ന രഞ്ജിത്ത് അടക്കമുള്ളവരെയാണ് സതീശന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. എല്ലാ കാലവും ഏകാധിപതിയുടെ ഭരണമായിരിക്കില്ല കേരളത്തിലെന്ന് രാജാവിനേക്കാള്‍ രാജഭക്തിയുള്ള ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് സതീശന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എല്ലാവിധ പിന്തുണയുമായി കോണ്‍ഗ്രസ് അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും സതീശന്‍ പറഞ്ഞു.

ഇതിനിടെ മേഘ്‌ന രഞ്ജിത്തിന്റെ മകള്‍ അഞ്ചാം ക്ലാസുകാരി പാര്‍വണേന്തുവിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ സതീശന്‍ പരിചയപ്പെടുത്തി. അമ്മയുടെ ആശുപത്രിക്കിടക്കയ്ക്ക് അരികില്‍ കൂട്ടിരിക്കുകയാണ് പാര്‍വണേന്തു. അമ്മയുമായി വേഗത്തില്‍ വീട്ടിലേക്ക് പോകാനെന്ന് സതീശന്‍ പറഞ്ഞു.

അതേസമയം, പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും എംഎല്‍എമാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഷാഫി പറമ്ബില്‍, അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമാണ് കേസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ രാഹുല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ജയില്‍ മോചിതനായത്. ജയിലില്‍ നിന്നിറങ്ങി രണ്ട് ദിവസം പിന്നിടുമ്ബോഴാണ് വീണ്ടും മറ്റൊരു കേസ് കൂടി വന്നത്.

സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടില്‍ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. നോട്ടീസ് പോലും തരാതെയാണ് അറസ്റ്റ് ചെയ്തത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ് എന്നും രാഹുല്‍ പറഞ്ഞിരുന്നു.