എരുമേലി: തകർച്ചയുടെ വക്കിലായിരുന്ന കെട്ടിടത്തില്‍ നിന്നു മാറി വാട കെട്ടിടത്തില്‍ എരുമേലി മൃഗാശുപത്രി പ്രവർത്തനം ആരംഭിച്ചു.പഞ്ചായത്ത് ഓഫിസ് – പ്രൈവറ്റ് ബസ് സ്റ്റാൻഡ് ബൈപാസ് റോഡില്‍ പെൻഷൻ ഭവന് സമീപം സ്വകാര്യ കെട്ടിടത്തിലേക്കാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം മാറ്റിയത്.
എരുമേലി പഞ്ചായത്ത് ഓഫിസിനോട് തൊട്ടു ചേർന്ന് പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന സർക്കാർ വെറ്ററിനറി ഡിസ്പെൻസറി ആണ് കെട്ടിടത്തിലെ അപാകതകള്‍ മൂലം പ്രവർത്തനം നിർത്തിയത്.
മൃഗാശുപത്രിയുടെ മേല്‍ക്കൂരയില്‍ ചോർച്ചയും കോണ്‍ക്രീറ്റിലെ കമ്ബികള്‍ തെളിയുകയും ചെയ്തതോടെ ചോർച്ച പരിഹരിക്കാൻ ഷീറ്റുകള്‍ ഇട്ട് റൂഫിങ് നടത്തിയിരുന്നു.
എന്നാല്‍, തറകളിലെ ടൈലുകള്‍ ഇളകുകയും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും തകർച്ച പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ പ്രവർത്തനം ബുദ്ധിമുട്ടിലായി.
മരുന്നുകള്‍ സൂക്ഷിക്കാൻ സൗകര്യം പരിമിതമായതും കെട്ടിടത്തിന്റെ തകർച്ചയും മൂലം കഴിഞ്ഞ ദിവസം പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതോടെയാണു സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുത്ത് പ്രവർത്തനം ഇവിടേക്ക് മാറ്റിയത്.
ഗുണനിലവാരമില്ലാത്ത പണികള്‍ നടത്തിയാണ് കെട്ടിടം നിർമിച്ചതെന്ന് ഇതോടെ ആക്ഷേപം ശക്തമായി. പുനർ നിർമാണം നടത്തി പോരായ്മകള്‍ പരിഹരിക്കാൻ പഞ്ചായത്ത് കമ്മറ്റിയില്‍ തീരുമാനം.
ഒപ്പം മൃഗാശുപത്രിയുടെ അടുത്തുള്ള ശൗചലായമുറികളും കൃഷി ഭവനു വേണ്ടി നിർമാണം നടത്തി പണികള്‍ നിർത്തി വെച്ച കെട്ടിടവും പൊളിച്ചു നീക്കാനും കമ്മറ്റിയില്‍ തീരുമാനമായി. മൃഗാശുപത്രി നവീകരണം ഉള്‍പ്പടെ പുനർ നിർമാണം നടത്താൻ ഫണ്ട് നല്‍കാമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്
