ചെന്നൈ: മദ്യപിച്ചെത്തി മര്‍ദ്ദിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. താലിച്ചരട് കഴുത്തില്‍ മുറുക്കി ഭര്‍ത്താവിനെ കൊന്ന കേസില്‍ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ ട്രിപ്ലിക്കനിലെ അസദുദ്ദീന്‍ ഖാന്‍ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം.
ചെന്നൈ നഗരസഭയില്‍ കരാര്‍ തൊഴിലാളിയായ നാഗമ്മാളാണ് (35) ഭര്‍ത്താവ് മണിവണ്ണനെ (28) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് നാഗമ്മാള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. കഴുത്തില്‍ അടയാളം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് മരണകാരണം വെളിപ്പെടുത്തിയത്.
മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഉപദ്രവിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥമാണ് കഴുത്തില്‍ താലിച്ചരട് കുരുക്കിയതെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കി. മണിവണ്ണന്‍ മദ്യപിച്ചെത്തിയതിനെ നാഗമ്മാള്‍ ചോദ്യം ചെയ്തത് വഴക്കില്‍ കലാശിക്കുകയും കൈയാങ്കളിയായി മാറുകയും ചെയ്തു. അതിനിടെ നാഗമ്മാള്‍ താലിച്ചരട് അഴിച്ച് മണിവണ്ണന്റെ കഴുത്തില്‍ മുറുക്കുകയായിരുന്നു.
തുടര്‍ന്ന് ശ്വാസംമുട്ടി മണിവണ്ണന്‍ ബോധരഹിതനായി വീണപ്പോള്‍ നാഗമ്മാള്‍ സഹോദരി അഭിരാമിയെ വിവരമറിയിച്ചു. അഭിരാമിയും ഭര്‍ത്താവ് നന്ദകുമാറും ചേര്‍ന്ന് മണിവണ്ണനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതിനുമുന്‍പ് രണ്ടുവിവാഹം കഴിച്ചയാളാണ് പല്ലവംശാല സ്വദേശിയായ നാഗമ്മാള്‍. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
