കൊച്ചി: ഇന്ത്യയിലെ സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ രംഗൻ ബിഷ്ണോയി കൊച്ചി സൈബർ പോലീസിന്റെ പിടിയിൽ. വാഴക്കാല സ്വദേശിയായ സ്ത്രീയുടെ നാലര കോടി രൂപ തട്ടിയ കേസിലാണ് നിർണായക അറസ്റ്റ്.
കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പോലീസ് പ്രതിയെ പിടികൂടിയത്. അതീവ രഹസ്യ നീക്കത്തിലൂടെയാണ് കൊച്ചി പോലീസ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിലെ താവളം തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.
താവളം കണ്ടെത്തിയ പോലീസ് തിങ്കളാഴ്‌ച പുലർച്ചയോടെ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രാദേശിക മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം ബിഷ്ണോയിയെ കൊച്ചിയിലെത്തിക്കും. കൊൽക്കത്തയിൽ നിന്ന് വിമാന മാർഗമാണ് പ്രതിയെ കൊച്ചിയിലെത്തിക്കുക.
തുടർന്ന് കൊച്ചിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ബിഷ്ണോയിയുടെ സംഘാംഗങ്ങൾ പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൈനയിലെയും ലാവോസിലെയും വരെ സൈബർ തട്ടിപ്പുസംഘങ്ങളുമായും രംഗൻ ബിഷ്ണോയിക്ക് ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
