തിരുവനന്തപുരം: വയോജനങ്ങള്‍ക്ക് ആശ്വാസമായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി സർക്കാർ അനുവദിച്ചു.
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം ലഭിക്കുന്നത്.
ബുധനാഴ്ച മുതല്‍ തുക പെൻഷൻകാർക്ക് ലഭിച്ചു തുടങ്ങുമെന്ന് ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാല്‍ വ്യക്തമാക്കി. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും.
നേരെത്തെ ഓണത്തിനോട് അനുബന്ധിച്ച് മൂന്ന് ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് മുതല്‍ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഈ സർക്കാർ വന്ന ശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരില്‍ നിന്ന് ലഭിക്കുന്നത്.
