കണ്ണൂർ: വയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് സന്നദ്ധത അറിയിച്ച ഫെയ്സ്ബുക് പോസ്റ്റിന് കീഴിൽ മോശം കമന്റ് ഇട്ടയാളെ നാട്ടുകാർ വളഞ്ഞിട്ട് തല്ലി.
കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ വാട്സ് ആപ് മെസേജ് വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച കാർഡ് പങ്കുവെച്ചതിന് കീഴിലാണ് എടത്തൊട്ടി സ്വദേശി ഫെയയ്സ്ബുക്കിൽ മോശം കമന്റിട്ടത്.
കെ.ടി. ജോർജ് എന്ന അക്കൗണ്ടിൽനിന്നായിരുന്നു കമന്റ്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്. ജോർജിനെ കൂടാതെ ഏതാനും പേരും വാർത്തക്ക് താഴെ സമാന രീതിയിൽ അശ്ലീല കമന്റുമായി രംഗത്തെത്തിയിരുന്നു.
ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ജനരോഷം ഉയരുകയാണ്. ഇത്രയും വലിയ ദുരന്തത്തിൽ കേരളം പകച്ചുനിൽക്കുമ്പോൾ, അമ്മമാരെ നഷ്ടപ്പെട്ട പൈതങ്ങൾക്ക് മാതൃസ്പർശവുമായി എത്തിയവരെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി.
മോശം കമന്റിട്ട മറ്റൊരു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയ ദമ്പതികളെ കുറിച്ച് വാർത്ത നൽകിയതോടെ നിരവധി പേർ തങ്ങളും സന്നദ്ധമാണെന്നറിയിച്ച് രംഗത്തെത്തിയിരുന്നു.
ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നും ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നുമെല്ലാം പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
