വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട്: മാനന്തവാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും നടപടി.

മാനന്തവാടി ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർ നൗഷാദിനെ വീഴ്ച ആരോപിച്ച്‌ സസ്പെൻഡ് ചെയ്തു. ട്രൈബല്‍ എക്സ്റ്റൻഷൻ ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ട്രൈബല്‍ ഡെവലപ്മെൻ്റ് ഓഫീസർ റിപ്പോർട്ട് നല്‍കി.

മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത് വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍ നേരത്തെ ട്രൈബല്‍ പ്രമോട്ടർ മഹേഷ് കുമാറിനെ മാത്രം ബലിയാടാക്കി പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

രണ്ട് ആംബുലൻസുകള്‍ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു മഹേഷ് കുമാർ പ്രതികരിച്ചത്. ഇക്കാര്യം വകുപ്പ് മന്ത്രിക്കും അറിയാം.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ട്. പണം നല്‍കാത്തതിനാല്‍ സ്വകാര്യ ആംബുലൻസുകളും വരാൻ തയ്യാറാകില്ല. ഉത്തരവാദി താൻ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും മഹേഷ് പറഞ്ഞു.