ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ കയറ്റാതെ ഗെയിറ്റിന് മുന്നിൽ തടഞ്ഞു, പിന്നാലെ പ്രതിഷേധം; സംഭവം കൊല്ലത്ത്

ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയിലാണ് അധ്യാപികയെ സ്‌കൂളിൽ കയറ്റാഞ്ഞ സംഭവം ഉണ്ടായത്. നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരം ഗേറ്റ് കീപ്പർ അധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞു എന്നാണ് ആരോപണം. പ്രധാന അധ്യാപിക സിന്ധു എസ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. ഇന്ന് രാവിലെ സ്‌കൂളിൽ ഒമ്പത് മണിയോടെ എത്തിയപ്പോഴായിരുന്നു അധ്യാപികയെ തടഞ്ഞത്. പ്രവേശിപ്പിക്കേണ്ടെന്ന മാനേജറിന്റെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പർ പറഞ്ഞത്. മുൻപും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് അധ്യാപിക പറയുന്നത്.

പിന്നാലെ പൊലീസ് ഇടപെട്ടാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം അധ്യാപികയെ തടഞ്ഞിട്ടില്ലെന്നാണ് സ്‌കൂൾ മാനേജരുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാർ ചുരിദാർ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് അധ്യാപികയെ തടഞ്ഞത്. ഉച്ച ഭക്ഷണത്തിന് വേണ്ടുന്ന മുട്ടയുമായി ഓട്ടോയിൽ വന്നപ്പോഴാണ് തടഞ്ഞതെന്നും അധ്യാപിക പറഞ്ഞു. മറ്റ് അധ്യാപികമാർക്കെല്ലാം മാനേജരെ ഭയമാണെന്നും ഇനിയും താൻ ചുരിദാർ ധരിച്ച് സ്‌കൂളിലെത്തുമെന്നും അധ്യാപിക പറയുന്നു.