തിരുവനന്തപുരം :സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്‌ആപ്പ്/ ടെലിഗ്രാം ഗ്രൂപ്പുകളില്‍ അംഗമാക്കി നടത്തുന്ന വൻനിക്ഷേപ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്.
സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻതുക പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. ഇതില്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളില്‍ ചേരാൻ പ്രേരിപ്പിക്കുന്നു.
തങ്ങള്‍ക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകള്‍ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും.
എന്നാല്‍, ആ ഗ്രൂപ്പില്‍ നിങ്ങള്‍ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആള്‍ക്കാരാണെന്ന കാര്യം നമ്മള്‍ ഒരിക്കലും അറിയില്ല എന്നതാണ് സത്യമെന്ന് പൊലീസ് ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.
