വീടിന്റെ നിർമാണ ഘട്ടത്തിലാണ് വയറിങ് ചെയ്യുന്നത്. ആദ്യം താത്കാലിക കണക്ഷൻ എടുത്തതിന് ശേഷം പിന്നീടാണ് ശരിക്കുമുള്ള വയറിങ് ചെയ്യുന്നത്. വാർക്കയുടെ തട്ട് നീക്കിയതിന് ശേഷമാണ് വയറിങ് ചെയ്യുന്നതിനുള്ള പ്രവർത്തികൾ ആരംഭിക്കുന്നത്.
1. വയറിങ് ചെയ്യാൻ ഒരുങ്ങുമ്പോൾ ആദ്യത്തിൽ തന്നെ ഇലക്ട്രിക്കൽ ലേ ഔട്ട് തയ്യാറാക്കണം. വയറിങിന് ആവശ്യമായ സാധനങ്ങൾ, അവയുടെ ചിലവ് തുടങ്ങിയ കാര്യങ്ങൾ വേണം ഇലക്ട്രിക്കൽ ലേ ഔട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഇത് മനസിലാക്കി കാര്യങ്ങൾ ചെയ്യാൻ എളുപ്പമായിരിക്കും.
2. വയറിങ് ചെയ്യുമ്പോൾ ISI മുദ്രയോടുകൂടിയ 20 MM, 25 MM ലൈറ്റ്, മീഡിയം, ഹെവി തുടങ്ങിയ പൈപ്പുകളാണ് സാധാരണമായി നമ്മൾ ഉപയോഗിക്കാറുള്ളത്. വാർക്കയ്ക്കുള്ളിൽ മീഡിയം അല്ലെങ്കിൽ ഹെവി പൈപ്പുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇനി കോൺക്രീറ്റ് കട്ട് ചെയ്തതിന് ശേഷമുള്ള വയറിങ് ആണെങ്കിൽ ലൈറ്റ് പൈപ്പ് മതിയാകും.
3. വില കുറഞ്ഞ സാധനങ്ങൾ വയറിങ് ചെയ്യാൻ ഉപയോഗിക്കരുത്. ഗുണമേന്മ ഉള്ള സാധനങ്ങൾ വാങ്ങിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം വീട്ടിലെ മറ്റ് സാധനങ്ങൾ മാറ്റുന്നതുപോലെ എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതല്ല വയറിങ്.
4. കാലങ്ങളായി വിപണിയിലുള്ള ബ്രാൻഡുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരം ബ്രാൻഡുകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ സാധിക്കും.
5. വയറിങ് കഴിഞ്ഞ് സ്വിച്ചുകളും പ്ലഗ്ഗുകളും പിടിപ്പിക്കുമ്പോൾ മെറ്റൽ ബോക്സ് ഉപയോഗിക്കാം. ഇനി പിവിസി ബോക്സുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ചിലവ് കുറവായിരിക്കും. നിങ്ങളുടെ ബജറ്റിനനുസരിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാവുന്നതാണ്.
6. ലൈറ്റ് ഫിറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള, വീടിന് അനുയോജ്യമായത് തെരഞ്ഞെടുക്കാം. ഹാളുകളിൽ ഫാൻസി ലൈറ്റുകളും, മുറികളിൽ ട്യൂബ് ലൈറ്റുകളും, വീടിന് പുറത്ത് വാം വൈറ്റ് ഫിറ്റിങ്‌സും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
7. എർത്തിങ് ചെയ്യുമ്പോൾ അഞ്ചു മീറ്റർ അകലത്തിൽ 2.5 മീറ്റർ ആഴത്തിൽ കുഴിയുടെത്ത് കാർബൺ കൊണ്ടുള്ള എർത്തിങ് കോമ്പൗണ്ട് ഉപയോഗിച്ച് കോപ്പർ എർത്ത് റോഡ് നൽകി രണ്ട് എർത്തിങ് ചെയ്യണം. ത്രീ ഫേസ് ആണെങ്കിലും രണ്ട് എർത്തിങ് മതി.
8. എളുപ്പം തുരുമ്പിക്കാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ഇരുമ്പ് ഉപയോഗിച്ച് എർത്തിങ് ചെയ്യാതിരിക്കുക.
