ദിവസവും 8 മണിക്കൂർ ഉറങ്ങാൻ തയ്യാറാണോ? എങ്കിൽ 10 ലക്ഷം പ്രതിഫലം; ജോലി വാഗ്ദാനം നൽകി ബാംഗ്ലൂരിലെ സ്റ്റാർട്ടപ്പ് കമ്പനിയായ വേക്ക്ഫിറ്റ്

ബംഗളൂരു: ലോകത്ത് ഒരുപാട് ജോലികള്‍ ഉണ്ട്. എന്നാല്‍ ചില ജോലികള്‍ തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയാണ്. ചിലതാകട്ടെ ഏറെ ആസ്വാദ്യകരവും .
ഭക്ഷണം രുചിച്ചുനോക്കാനും അതിന്റെ രുചി പറയാനും, ചെരിപ്പ് ധരിച്ച്‌ അഭിപ്രായം പ്രകടിപ്പിക്കാനും അങ്ങനെ വ്യത്യസ്തമായ ജോലികള്‍ നിരവധിയാണ്.

ഇപ്പോഴിതാ പലരെയും ആകർഷിക്കുന്ന ഒരു ഡ്രീം ജോബ് ഓഫറാണ് ഒരു കമ്പനി നല്‍കിയിരിക്കുന്നത് . അതെ, ദിവസവും 8 മണിക്കൂർ ഉറങ്ങിയാല്‍ പ്രതിഫലമായി ലഭിക്കുക 10 ലക്ഷമാണ് .

ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ വേക്ക്ഫിറ്റ് ആണ് ഈ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ബെഡ് നിർമ്മാണ കമ്പനിയായ വേക്ക്ഫിറ്റ് തങ്ങള്‍ നിർമ്മിക്കുന്ന ഒരു കിടക്കയില്‍ ഉറങ്ങി അതിനെ പറ്റി അഭിപ്രായം പറയുക എന്നതാണ് ജോലി .

നാലാം തവണയാണ് ‘സ്ലീപ്പ് ഇൻ്റേണ്‍’ ജോബ് ഓഫർ നല്‍കി 8 മണിക്കൂർ
ഉറങ്ങുന്ന ജോലിക്ക് ആളെ എടുക്കുന്നത് . മൂന്നാം സീസണില്‍ ബാംഗ്ലൂരില്‍ നിന്നുള്ള സായിശ്വരി പാട്ടീല്‍ ഈ ജോലി ചെയ്ത് 9 ലക്ഷം രൂപ നേടിയിരുന്നു. ഒപ്പം ‘സ്ലീപ്പ് ചാമ്പ്യൻ’ എന്ന പദവിയും അവർ നേടി.

2 മാസമാണ് ജോലിയുടെ കാലാവധി . എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവർക്ക് അപേക്ഷിക്കാം. 20 വയസോ അതില്‍ കൂടുതലോ ഉള്ളവർക്കും അപേക്ഷിക്കാം. ഉറങ്ങാൻ ഇഷ്ടപ്പെടുന്ന ആള്‍ക്കാർക്കാണ് പരിഗണന ലഭിക്കുക .ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പൂർത്തിയാക്കിയിരിക്കണം

തിരഞ്ഞെടുത്ത സ്ലീപ്പ് ഇൻ്റേണുകള്‍ക്ക് 1 ലക്ഷമാണ് പ്രതിഫലം . കൂടാതെഈ വർഷത്തെ സ്ലീപ്പ് ചാമ്പ്യനായി അംഗീകരിക്കപ്പെടുന്ന ഇൻ്റേണിന് 10 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
നിങ്ങള്‍ക്ക് ഈ ജോലിയില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, Wakefit-ന്റെ ഔദ്യോഗിക ലിങ്ക്ഡ്‌ഇൻ പേജില്‍ അപേക്ഷിക്കാം.