അനുവദനീയമായ സമയപരിധി ലംഘിച്ച്‌ പ്രവ‌ർത്തനം; മിന്നല്‍ പരിശോധനയില്‍ പിടിവീണു; വിരാട് കൊഹ്‌ലിയുടെ പബിനെതിരെ കേസെടുത്ത് പൊലീസ്

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബിനെതിരെ കേസെടുത്ത് പൊലീസ്.

അനുവദനീയമായ സമയപരിധി ലംഘിച്ച്‌ പ്രവ‌ർത്തിച്ചതിനാണ് കൊഹ്‌ലിയുടെ വണ്‍8 കമ്യൂണ്‍ പബിനെതിരെ കേസെടുത്തത്. വണ്‍8 കമ്യൂണടക്കം നാല് പബുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബംഗളൂരു കബണ്‍ പാർക്കിന് സമീപം രത്നം കോംപ്ളക്‌സിലാണ് പബ് പ്രവർത്തിക്കുന്നത്. ബംഗളൂരു നഗരത്തില്‍ അർദ്ധരാത്രി ഒരുമണിവരെയാണ് പബുകള്‍ക്ക് പ്രവർത്തനാനുമതിയുള്ളത്.

ജൂലായ് ആറിന് രാത്രി ഒന്നരയോടെ കബണ്‍ പാർക്ക് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചില പബുകള്‍ക്ക് സമയപരിധി കഴിഞ്ഞും പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. പബിനെതിരെ കേസെടുത്ത പൊലീസ് മാനേജർക്കെതിരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

ഡല്‍ഹിയിലും മുംബയിലും വണ്‍8 കമ്യൂണിന് ബ്രാഞ്ചുകളുണ്ട്. ഈ നഗരങ്ങളിലെ പബിന്റെ വിജയത്തിനുശേഷമാണ് കഴിഞ്ഞവർഷം ഡിസംബറിലാണ് വണ്‍8 കമ്യൂണ്‍ ബംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചത്.

തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് ബംഗളൂരുവെന്നും അതിനാലാണ് ഇവിടെ പബ് ആരംഭിച്ചതെന്നും മുൻപ് കൊഹ്‌ലി പറഞ്ഞിട്ടുണ്ട്. കൂടാതെ ഐപിഎല്‍ ആരംഭിച്ചതുമുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആർസിബി) ഭാഗമാണ് കൊഹ്‌ലി. അടുത്തിടെ ഹൈദരാബാദിലും പബ് പ്രവർത്തനം ആരംഭിച്ചിരുന്നു.