വീട് വാടകയ്ക്കെടുത്ത് അനാശാസ്യം; ഇടപാടെല്ലാം  ഓണ്‍ലൈൻ വഴി ; സംഭവം പോലീസ്റ്റേഷന്റെ മൂക്കിൻ തുമ്പത്ത്; പിന്നിൽ വൻ സംഘം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് ഓണ്‍ലൈൻ ഇടപാടിലൂടെ അനാശാസ്യം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി.

പുളിമാത്ത് സ്വദേശി അല്‍ അമീൻ (26), പേരൂര്‍ക്കട സ്വദേശി ലെജൻ (47) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പണിക്കേഴ്സ് ലെയ്നിലെ വീട് കേന്ദ്രീകരിച്ച്‌ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതിയെ ചൂഷണം ചെയ്തായിരുന്നു അനാശാസ്യം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കുടുംബസമേതം താമസിക്കാൻ എന്ന വ്യാജേനെയാണ് വീട് വാടകയ്ക്ക് എടുത്തത്. തങ്ങളെ സമീപിക്കുന്നവര്‍ക്ക് വാട്സാപ്പ് വഴിയും മറ്റും യുവതിയുടെ ചിത്രം അയച്ചു നല്‍കും. തുടര്‍ന്ന് പണം ഓണ്‍ലൈൻ വഴി അയക്കാനും ആവശ്യപ്പെടും. തുടര്‍ന്ന് വരാനുള്ള സ്ഥലവും സമയവും അറിയിക്കും. പറയുന്ന സ്ഥലത്ത് വരുമ്ബോള്‍ പ്രതികളുടെ വാഹനത്തില്‍ അവരെ വീട്ടിലേക്ക് കൊണ്ടുപോകും.

ആദ്യം ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ പരിസരത്ത് നിന്ന് രഹസ്യവിഭാഗം വഴിയും അനാശാസ്യ സംഘത്തിന്റെ സൂചന ലഭിച്ചു. തുടര്‍ന്ന് ഇവിടെ ഒരു സംഘം നിരീക്ഷണം നടത്തിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരുടെ പിന്നില്‍ വലിയ സംഘങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. വി.ഐ.പി ഏരിയയായ മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധി തന്നെ പ്രതികള്‍ തിരഞ്ഞെടുത്തതും ആര്‍ക്കും പ്രത്യേക സംശയം തോന്നാതിരിക്കാനാണെന്ന് പൊലീസ് പറഞ്ഞു.