മണിപ്പൂരില്‍ സംഘര്‍ഷം; മേഖലയില്‍ കര്‍ഫ്യൂ;ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനം

മണിപ്പൂര്‍: മണിപ്പൂരില്‍ കുക്കി – തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു.  വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിരോധനമുണ്ട്.

 

മണിപ്പൂര്‍ ഉഖ്രുലിലാണ് വീണ്ടും കുക്കി – തെങ്ഖുല്‍ നാഗാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നിരവധി വീടുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉഖ്രുലില്‍ നിന്ന് നിരവധിപേര്‍ സമീപമുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷപരമായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി.

ഉഖ്രുലിലെ സംഘര്‍ഷബാധിത മേഖലകള്‍ കഴിഞ്ഞദിവസം മണിപ്പൂര്‍ ഉപ മുഖ്യമന്ത്രി ലോസി ദിഖോ സന്ദര്‍ശിച്ചിരുന്നു. ഇരു വിഭാഗം ഗോത്ര നേതാക്കളുമായി ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് വീണ്ടും മേഖലയില്‍ സംഘര്‍ഷം ഉണ്ടായത്.

 

തിങ്കളാഴ്ച രാത്രി വൈകിയാണ് ജില്ലയില്‍ അക്രമങ്ങളുടെ തുടക്കം. അക്രമികള്‍ ലിത്തന്‍ സരെയ്ഖോങ് ഗ്രാമത്തിലെ വീടുകള്‍ക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ പോടിച്ച ആളുകള്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് പല ഗ്രാമവാസികളും അയല്‍ ജില്ലയായ കാങ്‌പോക്പിയിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.