‘നിങ്ങൾ ഒരു ഭീരുവും കഴിവില്ലാത്തവനുമാണെന്ന് നിങ്ങളുടെ പങ്കാളി കരുതുന്നുണ്ടെന്ന തോന്നലുണ്ടോ? എങ്കിൽ അത് മാറ്റിയെടുക്കാം; പങ്കാളിക്ക് മുമ്പിൽ ഹീറോ കളിക്കാൻ, വില്ലനാകാൻ ആള് റെഡി! വൈറലായി വാടക വില്ലന്റെ പോസ്റ്റ്

ജീവിക്കാനായി പലതരം ജോലികൾ ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, ഒരു വാടക വില്ലനായി ജോലി ചെയ്യുന്ന വ്യക്തിയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെയൊരു വ്യക്തി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. മലേഷ്യയിലാണ് ഇത്തരത്തിൽ അപൂർവമായ ഒരു ജോലി വാഗ്ദാനം നടത്തിക്കൊണ്ട് ഒരു യുവാവ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ‘വാടകയ്ക്ക് വില്ലൻ’ ആകാൻ തയ്യാർ എന്നാണ് ഇദ്ദേഹം തൻറെ ജോലി പരസ്യപ്പെടുത്തി കൊണ്ടുള്ള കുറിപ്പുകളിൽ അറിയിച്ചിരിക്കുന്നത്.

മലേഷ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമായ ഇപ്പോയിൽ നിന്നുള്ള ഷാസാലി സുലൈമാൻ എന്ന 28 -കാരനാണ് ഇത്തരത്തിൽ അപൂർവ്വമായ ഒരു സേവന വാഗ്ദാനം നടത്തിയിരിക്കുന്നത്. ജനുവരി ഏട്ടിന് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ ആണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇയാളെ കണ്ടെത്തിയത്.

തൻറെ സേവനത്തെക്കുറിച്ച് ആളുകൾക്ക് പറഞ്ഞു കൊടുത്തുകൊണ്ട് ഷാസാലി കുറിച്ചത്, ‘നിങ്ങളുടെ പങ്കാളികൾക്ക് മുൻപിൽ നായകനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വില്ലൻ വേഷം കെട്ടാൻ ഞാൻ തയ്യാറാണ്’ എന്നാണ്. അതിലൂടെ പങ്കാളികളുടെ കൂടുതല്‍ മതിപ്പ് നിങ്ങൾക്ക് നേടിയെടുക്കാം എന്നും ഇദ്ദേഹം പോസ്റ്റിൽ പറയുന്നു.

നിങ്ങൾ ഒരു ഭീരുവും കഴിവില്ലാത്തവനും ആണെന്ന് നിങ്ങളുടെ പങ്കാളി കരുതുന്നുണ്ടെങ്കിൽ ആ തോന്നൽ മാറ്റിയെടുക്കാൻ താൻ സഹായിക്കാം എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കൂടാതെ സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ആ സ്ഥലത്തെത്തി പങ്കാളിക്ക് മുൻപിൽ വില്ലനായി അഭിനയിക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. ഇങ്ങനെ ശല്യപ്പെടുത്തുമ്പോൾ ഒരു നായകനെ പോലെ നിങ്ങൾക്ക് എന്നെ പരാജയപ്പെടുത്താമെന്നും ഷാസാലി കുറിക്കുന്നു. വില്ലൻ ലുക്കിലുള്ള തൻറെ ഒരു ഫോട്ടോയും പരസ്യത്തിനൊപ്പം ഷാസാലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘വില്ലൻ-ഫോർ-ഹയർ’ സേവനത്തിന് പ്രവൃത്തിദിവസങ്ങളിൽ 100 ​​റിംഗിറ്റും (ഏകദേശം 2000 രൂപ) വാരാന്ത്യത്തിൽ 150 റിംഗിറ്റും( 3000 ഇന്ത്യൻ രൂപ) ആണ് ഇദ്ദേഹത്തിൻ്റെ ശമ്പളം. നഗരത്തിന് പുറത്തുള്ള ക്ലയൻ്റുകൾക്ക്, യാത്രാദൂരത്തെ അടിസ്ഥാനമാക്കി അധിക നിരക്കുകളും ബാധകമാണ്. മലേഷ്യൻ വാർത്താ ഏജൻസിയായ സെയ്‌സ് പറയുന്നതനുസരിച്ച്, ഷാസാലി തൻ്റെ സേവനം പുരുഷന്മാർക്കും സ്ത്രീകൾക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.