ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ല; ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം

കൊച്ചി: ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയില്‍ നടപടിയെടുത്ത് സിപിഎം.

തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായി.

പൂണിത്തുറയില്‍ പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ചവർക്കെതിരെയാണ് നടപടിയെടുക്കുക. തമ്മിലടിയുടെ പേരില്‍ ആറുപേരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുക. ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവരുള്‍പ്പെടെയുള്ളവർക്കെതിരെ ആണ് നടപടി സ്വീകരിക്കുക.

ഇത് സംബന്ധിച്ച ശുപാർശ ജില്ലാ കമ്മിറ്റിയില്‍ റിപ്പോർട്ട് ചെയ്യും. കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയിലെ കാര്യങ്ങള്‍ക്ക് പരിഹാരമായി ഈ മാസം 11ന് പേട്ടയില്‍ രാഷ്‌ട്രീയ വിശദീകരണ യോഗം ചേരും. സംസ്ഥാന സമിതി നേതാക്കളടക്കം പങ്കെടുക്കും.

അടിപിടിയുടെ പേരില്‍ ആറ് പ്രവർത്തകർ റിമാൻഡിലാണ്. ഇതിനിടെ പറവൂരില്‍ ബ്രാഞ്ച് അംഗം ആത്മഹത്യ ചെയ്‌ത കേസില്‍ ലോക്കല്‍ സെക്രട്ടറിയാണ് പ്രതിക്കൂട്ടിലുള്ളത്. വിഭാഗീയതയുടെ പേരില്‍ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്.