വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി; ഇടറാതെ എല്ലാം വിശദീകരിച്ച് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പിന് എത്തിച്ച് പോലീസ്. ഉമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്.

തുടർന്ന്, സഹോദരനെ കൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ വീട്ടിലും തെളിവെടുപ്പിന് എത്തിച്ചു. പാങ്ങോടുള്ള വീട്ടില്‍ തെളിവെടുപ്പ് നടത്തിയ ശേഷം മാല പണയം വെച്ച സ്വകാര്യ ധനകാര്യസ്ഥാപനത്തിലും എ.ടി.എമ്മിലുമൊക്കെ അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ അഫാനുമായി തെളിവെടുപ്പ് നടത്താനാണ് പോലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അതിനിടെ അഫാന്‍ കുഴഞ്ഞുവീണിരുന്നു. പിന്നീട് അഫാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നാണ് വൈകുന്നേരത്തോടെ തെളിവെടുപ്പ് നടത്താന്‍ പോലീസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് അഫാനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പോലീസിനോടും അഫാന്‍ പറഞ്ഞത്.