നെടുംകണ്ടത്ത് അപരിചിതരായ ആളുകള്‍ പകല്‍ സമയം വീടുകള്‍ക്ക് മുന്നിലെത്തി നിരീക്ഷണം നടത്തുന്നു; ആശങ്കയിലായി പ്രദേശവാസികള്‍; കുറുവാ സംഘമെന്ന് സംശയം

നെടുംകണ്ടം: ഇടുക്കി ജില്ലയിലെ നെടുംകണ്ടം, തൂക്കുപാലം മേഖലകളില്‍ അപരിചിതരെത്തുന്നത് പതിവായതോടെ പ്രദേശവാസികള്‍ ആശങ്കയില്‍.

അപരിചിതരായ ആളുകള്‍ പകല്‍ സമയം വീടുകള്‍ക്ക് മുന്നിലെത്തി നിരീക്ഷണം നടത്തുകയാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

കുറുവ സംഘങ്ങളെ കുറിച്ചുള്ള വാർത്തകള്‍ പുറത്തുവന്നതോടെയാണ് പകല്‍സമയം വീടുകള്‍ക്ക് സമീപമെത്തി ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്ന അപരിചിതരെ കുറിച്ച്‌ പ്രദേശവാസികളില്‍ ആശങ്ക വർധിച്ചത്.
നെടുങ്കണ്ടം മേഖലയില്‍ ഭാഗത്ത് പകല്‍ സമയത്ത് വീടുകള്‍ക്ക് സമീപം എത്തി നിരീക്ഷണം നടത്തുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഒരു വീടിന്റെ ഗേറ്റ് കടന്ന് ഉള്ളില്‍ കയറിയ യുവാവ് ആളുകളെ കണ്ടതോടെ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളില്‍ കാണം. ഇങ്ങനെ പല വീടുകള്‍ക്ക് സമീപവും ഇയാളെത്തി. വീട്ടിലുള്ള ആരെയെങ്കിലും കണ്ടാല്‍ ഓടിമാറുന്ന ഇയാള്‍ക്കായി നാട്ടുകാർ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ആശങ്കയിലായ നാട്ടുകാർ നല്‍കിയ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നെടുങ്കണ്ടം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പകല്‍ നിരീക്ഷണം നടത്തി രാത്രി സംഘമായി എത്തി മോഷണം നടത്തുന്ന കുറുവ സംഘമാണോ ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക.