കോട്ടയം :പഴങ്ങളും പച്ചക്കറികളും കേടുവരാതിരിക്കാൻ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ടോ. എങ്കിൽ ഈ പ്രവണത ആരോഗ്യത്തിന് നല്ലതല്ല. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇത്തരത്തിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് ഗുണകരമല്ല. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാലും ഈർപ്പം ഉണ്ടാകാനും, ഭക്ഷണ സാധനങ്ങൾ കേടായിപ്പോകാനും സാധ്യതയുണ്ട്. ഫ്രിഡ്ജിലാണെങ്കിലും പുറത്താണെങ്കിലും ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1.മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം
പ്ലാസ്റ്റിക്കിൽ മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിക്കുമ്പോൾ ഇത് പഴങ്ങളിലും പച്ചക്കറികളിലും പറ്റിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.
2. വായുസഞ്ചാരമുള്ള പാത്രങ്ങൾ
പേപ്പർ ബാഗുകൾ, പുനരുപയോഗിക്കാൻ സാധിക്കുന്ന കോട്ടൺ എന്നിവ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുക്കാം. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിന് വായുസഞ്ചാരമുള്ള, ഈർപ്പം തങ്ങി നിൽക്കാത്ത ബാഗുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
3. ഗ്ലാസ് പാത്രങ്ങൾ
മുറിച്ചുവെച്ച പഴങ്ങളും പച്ചക്കറികളും വായുകടക്കാത്ത ഗ്ലാസ് പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ സഹായിക്കുന്നു.
4. സൂക്ഷിക്കുന്നതിന് മുമ്പ് കഴുകരുത്
പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കുന്നതിന് മുമ്പ് കഴുകുന്നത് ഒഴിവാക്കാം. ഈർപ്പം ഉണ്ടാകുമ്പോൾ പച്ചക്കറിയും പഴങ്ങളും പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
5. ഒരുമിച്ച് സൂക്ഷിക്കരുത്
ആപ്പിൾ, വാഴപ്പഴം, തക്കാളി തുടങ്ങിയവയിൽ എത്തിലീൻ വാതകം പുറന്തള്ളപ്പെടുന്നു. ഇത് മൂലം പഴങ്ങൾ പെട്ടെന്ന് പഴുക്കുന്നു. മറ്റ് പഴവർഗ്ഗങ്ങളും പച്ചക്കറികളും ഇവയോടൊപ്പം സൂക്ഷിക്കുന്നത് ഒഴിവാക്കാം.
