കോട്ടയം: കോട്ടയത്ത് രാജിവെച്ച യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കം പാളുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാൻ തയാറാകാത്തതാണ് പ്രശ്നം. മുതിർന്ന കേരള കോണ്‍ഗ്രസ് നേതാവിന് യുഡിഎഫ് ചെയർമാന്‍റെ താല്‍ക്കാലിക ചുമതല നല്‍കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ യുഡിഎഫ് നേതൃതലത്തില്‍ ധാരണയായി.
തിരഞ്ഞെടുപ്പിന്‍റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്‍റെ രാജിയില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്നം തീര്‍ക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ സജി തയാറായിട്ടില്ല . മോൻസ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചർച്ചകള്‍ വഴി മുട്ടിയത് .
പി ജെ ജോസഫിനോട് ഫോണില്‍ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും ഒത്തു തീർപ്പു നീക്കങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിൻമാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയർമാനായി മുതിർന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാൻ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു.
