അതിശക്തമായ മഴയില്‍ വട്ടവടയിലെ റോഡ് തകര്‍ന്നു: ഗതാഗതം തടസ്സപ്പെട്ടതോടെ ജനങ്ങള്‍ ദുരിതത്തില്‍

മൂന്നാര്‍: കനത്തമഴയില്‍ വട്ടവട ഗ്രാമ പഞ്ചായത്തിലെ റോഡ് ഒലിച്ചുപോയി.

ഇതോട ഗതാഗത മാര്‍ഗം തടസ്സപ്പെട്ടു. കോവിലൂര്‍ – കൊട്ടാക്കമ്ബൂര്‍ ഭാഗത്തെ റോഡ് ആണ് പെരുമഴയത്ത് തകര്‍ന്നത്.

ഇതോടെ വട്ടവട പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് എത്താൻ സാധിക്കാത്ത നിലയായി.

പൊതുമരാമത്ത് വകുപ്പ് റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. ഇവിടുത്തെ പഞ്ചായത്ത് റോഡിന്‍റെ കോണ്‍ക്രീറ്റിന്‍റെ അടിഭാഗം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക ആരോഗ്യത്തിലേക്ക് എത്തുവാൻ സാധിക്കുന്ന രണ്ടു വഴികളും തകര്‍ന്ന നിലയിലാണ് ഉള്ളത്.

ഒരു ഭാഗത്ത് റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് ഉള്ളത്. കാല്‍നടക്കാര്‍ക്ക് ഒരു വരിയായി മാത്രമാണ് ഇതിലൂടെ നടക്കുവാൻ സാധിക്കുന്നത്. ബാക്കിയുള്ള ഭാഗം ഇടിയാതിരിക്കുവാൻ ശ്രമിച്ചാല്‍ മാത്രമേ റോഡിന്‍റെ ഈ ഭാഗം സംരക്ഷിക്കാനാവൂ.

അത്യാവശ്യ സേവനങ്ങള്‍ക്ക് ആശ്രയമാകുന്ന പഞ്ചായത്ത് ഓഫീസിലേക്കും പ്രാഥമികആരോഗ്യ കേന്ദ്രത്തിലേക്കും യാത്ര അസാധ്യമായ സാഹചര്യത്തില്‍ എത്രയും വേഗം റോഡ് പുനര്‍നിര്‍മ്മിക്കവാൻ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.