വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു; പ്രതി അർജുന്റെ ബന്ധു .

 

 

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വെച്ചാണ് കുത്തേറ്റത്.

 

കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍റെ ബന്ധു പാല്‍രാജ് ആണ് കുത്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

 

ഇന്ന് രാവിലെ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അര്‍ജുന്‍റെ ബന്ധുവായ പാല്‍രാജും തമ്മില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെ തുടയിലാണ് പരിക്കേറ്റത്.

 

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ 6 വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.

 

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.