തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു.
നാളെ രാവിലെ വരെ അതിതീവ്ര ന്യുനമർദ്ദമായും തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയുമെന്ന സാഹചര്യത്തിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചത്.
ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യുനമർദ്ദമായി കരയില്‍ പ്രവേശിക്കാൻ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കേരളത്തിലടക്കം ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് പ്രകാരം ശനിയാഴ്ച തൃശൂർ, മലപ്പുറം ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനൊപ്പം തന്നെ ശനിയാഴ്ച പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
