വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് നിർത്തിയിട്ടത് അര മണിക്കൂറോളം: അസഹനീയമായ തിരക്ക് മൂലം ട്രെയിനിൽ കുഴഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍: കേരളത്തിലെ ട്രെയിൻ യാത്ര നരകയാത്രകളായി മാറുന്നു

കോഴിക്കോട്: കേരളത്തിലെ ട്രെയിൻ യാത്ര നരകയാത്രകളായി മാറുന്നു.

അസഹനീയമായ തിരക്കാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ അനുഭവപ്പെടുന്നത്.
തിരക്ക് അസഹനീയമായതോടെ പരശുറാം എക്സ്പ്രസ് ട്രെയിനില്‍ രണ്ടു പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണു.

തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍‌ നിന്നു നാഗര്‍കോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്സ്പ്രസില്‍ വടകരയില്‍ നിന്നും കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്ടേക്കു കയറിയ രണ്ടു വിദ്യാര്‍ത്ഥിനികളാണു കുഴഞ്ഞുവീണത്.

വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയില്‍ നിര്‍ത്തിയിട്ട സമയത്താണ് ഒരാള്‍ കുഴഞ്ഞുവീണത്. മറ്റൊരാള്‍ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും.

ഇരുവരെയും സഹയാത്രക്കാര്‍ ശുശ്രൂഷ നല്‍കിയാണ് കോഴിക്കോട്ടെത്തിച്ചത്. അര മണിക്കൂറോളം പിടിച്ചിട്ട പരശുറാം എക്സ്പ്രസ്സാവട്ടെ ഒടുവില്‍ കോഴിക്കോട്ടെത്തുമ്ബോള്‍ ഒരു മണിക്കൂര്‍ വൈകിയിരുന്നു.