വന്ദേഭാരതിന് ചെങ്ങന്നൂരില്‍ വമ്പന്‍ സ്വീകരണം; ട്രെയിനുകളുടെ പിടിച്ചിടലില്‍ പ്രതികരണവുമായി വി മുരളീധരന്‍

കോട്ടയം: വന്ദേഭാരതിന് ചെങ്ങന്നൂരില്‍ ഊഷ്മള സ്വീകരണം.

സ്റ്റോപ്പ് അനുവദിച്ചശേഷം ഇന്ന് രാവിലെ 6.53നാണ് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയത്. രണ്ടു മിനുട്ട് നിര്‍ത്തിയശേഷം 6.55ന് യാത്ര തിരിച്ചു. ഇതിനിടയിലാണ് ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേര്‍ സ്വീകരിച്ചത്.

കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.

വി. മുരളീധരനും കൊടിക്കുന്നില്‍ സുരേഷും ഉള്‍പ്പെടെ ഫ്ലാഗ് ഓഫ് ചെയ്താണ് ട്രെയിനിനെ ചെങ്ങന്നൂരില്‍ നിന്ന് യാത്രയാക്കിയത്. ഇതിനിടെ വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിയിലും കേന്ദ്ര മന്ത്രി വി മുരളീധരന്‍ വിശദീകരണം നല്‍കി.

ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈം ടേബിള്‍ വരുന്നതോടെ പരിഹാരമാകുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. റെയില്‍വെ ടൈംടേബിള്‍ പരിഷ്കരണം ഉടന്‍ ഉണ്ടാകും. ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.