കോട്ടയം: എരുമേലിയിൽ തീകൊളുത്തി മരിച്ച ദമ്പതികളുടേയും മകളുടേയും പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ദമ്പതികളുടെ മകൾ അഞ്ജലിയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കുടുംബത്തെ കൂട്ടമരണത്തിലേക്ക് നയിച്ചത്.
ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ എരുമേലി കനകപ്പലം ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ (53), ഭാര്യ ശ്രീജ(48) മകൾ അഞ്ജലി(29) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ അഖിലേഷ് (25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന അഞ്ജലി നാലുദിവസം മുൻപാണ് നാട്ടിലെത്തിയത്. സത്യപാലൻ്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമീപവാസിയായ യുവാവുമായി അഞ്ജലി അടുപ്പത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചു ജീവിക്കാനും ആഗ്രഹിച്ചിരുന്നു.
എന്നാൽ, സത്യപാലനും ശ്രീജയും ബന്ധത്തെ എതിർത്തു. വിവാഹം നടത്തിത്തരാൻ പറ്റില്ലെന്നും നിലപാടെടുത്തു. തുടർന്ന് ഇന്നലെ ഉച്ചയോടെ യുവാവും സുഹൃത്തുക്കളും അഞ്ജലിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാൽ, തീരുമാനത്തിൽ അയവില്ലാതെ കുടുംബം ഉറച്ചുനിന്നു.
അഞ്ജലിയെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു. പിന്നാലെ യുവാവും സുഹൃത്തുക്കളും പോയതോടെ വീട്ടിൽ വഴക്കും ബഹളവുമായി. ഈ വിവാഹത്തിനു സമ്മതം മൂളിയില്ലെങ്കിൽ രജിസ്‌റ്റർ മാര്യേജ് ചെയ്യുമെന്ന് അഞ്ജലി വ്യക്‌തമാക്കി. പിന്നാലെയാണ് ദാരുണസംഭവം.
ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾക്കും ജനറേറ്ററിനുമായി സത്യപാലൻ പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. ഈ പെട്രോളെടുത്ത് ശ്രീജ ദേഹത്തൊഴിച്ച് തീകൊളുത്തി. ശ്രീജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ജലിക്കും സത്യപാലനും ഗുരുതരമായി പൊള്ളലേറ്റു. അതിനിടെ വീട്ടിലേക്കും തീപടർന്നു.
അതേസമയം, സത്യപാലനാണ് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിനു തീവച്ചതെന്ന സംശയവും ഉയരുന്നുണ്ട്. വീട്ടിലെ വഴക്കിനിടയിൽ താൻ ശുചിമുറിയിൽ കയറി കതകടച്ചെന്നും ആ സമയം അമ്മ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയെന്നുമാണ് അഖിലേഷ് കൊടുത്ത മൊഴി.
അഖിലേഷാണ് അച്ഛനെയും സഹോദരിയെയും വീടിനുള്ളിൽനിന്നു പുറത്തെത്തിച്ചത്. പൊള്ളലേറ്റു മരിച്ചു കിടന്ന ശ്രീജയെ കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ച ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്. പൊലീസ് അഖിലേഷിൻ്റെ മൊഴി രേഖപ്പെടുത്തി. 20 ശതമാനം പൊളളലേറ്റ അഖിലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
