ഗാസിയാബാദ്: വീട്ടുടമസ്ഥനോട് പ്രതികാരം തീർക്കാർ മൂത്രം ചേർത്തുള്ള റൊട്ടി പാചകം ചെയ്ത് നല്‍കിയെന്ന പരാതിയില്‍ ജോലിക്കാരി പിടിയില്‍.
ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ ആണ് തന്നെ ശകാരിച്ചതിന് പ്രതികാരമായി വീട്ടുജോലിക്കാരി ഉടമസ്ഥനും കുടുംബത്തിനും മൂത്രം ചേർത്തുള്ള റൊട്ടി നല്‍കിയത്. ജോലിക്കാരിയായ റീന(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഒരു റസിഡൻഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ നിതിൻ ഗൗതമിൻ്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു രീന.
അടുത്തിടയായി നിതിൻ ഗൗതമിൻ്റെ ഭാര്യ രൂപം ഗൗതം, കുടുംബാംഗങ്ങളില്‍ ചിലർ എന്നിവർക്ക് കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണം ഭക്ഷണമാണെന്നും ഇതില്‍ ജോലിക്കാരിയായ റീനയ്ക്ക് പങ്കുണ്ടെന്നും വീട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് വീട്ടുകാർ അടുക്കളയില്‍ ഒളിക്യാമറ സ്ഥാപിച്ചു. നിതിൻ ഗൗതമിൻ്റെ മൊബൈല്‍ ഫോണില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കുടുംബം ഞെട്ടി. റീന റൊട്ടിക്ക് ഉപയോഗിക്കുന്ന മാവില്‍ മൂത്രം കലർത്തുന്നതാണ് വീട്ടുകാർ കണ്ടത്.
ഇതോടെ വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീട്ടുകാർ ജോലിക്കാരിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് പൊലീസ് റീനയെ അറസ്റ്റ് ചെയ്തു. ആദ്യം റീന കുറ്റം നിഷേധിച്ചെങ്കിലും വീഡിയോ തെളിവ് കാണിച്ചതോടെ കുറ്റസമ്മതം നടത്തി. ചെറിയ തെറ്റുകള്‍ക്ക് പോലും വീട്ടുകാർ രൂക്ഷമായി ശകാരിച്ചിരുന്നെന്നും ഇതിന്‍റെ പ്രതികാരമായതാണ് താൻ ഭക്ഷണത്തില്‍ മൂത്രം കലർത്തിയതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
