എന്താണ് വിരുദ്ധാഹാരം ? മീനും മോരും ഒന്നിച്ച്‌ കഴിച്ചാല്‍ എന്ത് സംഭവിക്കും?

കോട്ടയം: കഴിക്കാൻ തുടങ്ങിയ കാലം മുതല്‍ക്കേ നമ്മള്‍ കേട്ട് തുടങ്ങുന്നതാണ് മീനും മോരും ചേരൂല്ല എന്ന കാര്യം. മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിവാക്കാൻ കഴിയാത്ത വസ്തുക്കളാണ് ഇവ രണ്ടും.

ചോറിനൊപ്പം കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമായ തൈര് ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്. കാല്‍സ്യം, വിറ്റമിൻ ബി – 2, വിറ്റമിൻ -ബി 12, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്. എന്നാല്‍ ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കരുതെന്ന് അറിയാമോ? വിരുദ്ധാഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. തൈരിന്റെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിയാം…

മാങ്ങ

മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. ഇത് ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കുകയും ചർമ്മപ്രശ്നങ്ങള്‍ക്കും ശരീരത്തില്‍ വിഷാംശം ഉണ്ടാകാനും കാരണമാകും.

മത്സ്യം

പ്രോട്ടീൻ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കരുത്. സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തില്‍ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. തൈര് മൃഗത്തിന്റെ പാലില്‍ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോണ്‍ വെജിറ്റേറിയൻ പ്രോട്ടീൻ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദരപ്രശ്നങ്ങള്‍ക്കും കാരണമാകും.

പാല്‍

പാലും തൈരും മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ് . അതുകൊണ്ടു ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാല്‍ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.

ഉഴുന്നു പരിപ്പ്

ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിള്‍, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും.

എണ്ണമയമുള്ള ഭക്ഷണങ്ങള്‍

ധാരാളം നെയ്യ് ചേർത്ത പറാത്ത തൈരിനൊപ്പം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാല്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ ഇവയോടൊപ്പം തൈര് ചേരുന്നത് ദഹനക്കേടുണ്ടാക്കും. ഈ ഭക്ഷണശീലം ഒഴിവാക്കാം.