കേന്ദ്ര ബജറ്റ് 2026; രാജ്യത്ത് എന്തിനൊക്കെ വില കുറയും? എന്തിനൊക്കെ വില കൂടും?

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തോടെ രാജ്യത്ത് ഏതെല്ലാം വസ്തുക്കൾക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്. കാൻസർ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും രോഗികൾക്ക് ആശ്വാസകരമാകും. അതേസമയം മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാൻമസാല എന്നിവയുടെ വില ഉയരുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

കാൻസർ മരുന്നുകൾ, 17 മരുന്നുകൾ, ചില പ്രമേഹരോഗത്തിനുള്ള മരുന്നുകൾ, സമുദ്ര ഭക്ഷ്യവിഭവങ്ങൾ, വിദേശ ടൂറിസം പാക്കേജുകൾ, വിദേശപഠന ചെലവ്, ലെതർ ഉല്പന്നങ്ങൾ, സ്മാർട്ട്‌ഫോൺ, ഇവി ബാറ്ററി, സോളാർ പാനൽ, മൈക്രോവേവ് ഓവൻ, സ്‌പോർട് ഉപകരണങ്ങൾ, ലിഥിയം ബാറ്ററി ഘടകങ്ങൾ, ചെരുപ്പ് എന്നിവയുടെ വില കുറയും. എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട് ഇതോടെ ഇവയ്ക്കും വില കുറയും.

മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാൻമസാല എന്നിവയുടെ വില ഉയരും. മദ്യത്തിന്മേലുള്ള നികുതി വർധിപ്പിച്ചതിനാലാണ് വിലകൂടുന്നത്. ആഡംബര വാച്ച്, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിമിങ് ആന്‍ഡ് സോഫ്റ്റ്‌വെയർ, ആക്രിസാധനങ്ങൾ, ചില ധാതുക്കൾ എന്നിവയുടെ വില ഉയരും. അതേസമയം ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസ് (എഫ്ആന്‍റ് ഒ) ട്രേഡിംഗിന് ചെലവേറും.