കൊച്ചി: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസില്‍ സംഘടനയുടെ നേതാവായ ജാസ്മിൻ ഷായുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി.
ഭാര്യ ഷബ്ന, മറ്റ് ഭാരവാഹികള്‍ എന്നിവരുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമിയും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിൻ ഷാ. സംസ്ഥാനത്ത് നടന്നുവരുന്ന നേഴ്‌സുമാരുടെ വേതന സമരം ജാസ്മിൻ ഷായുടെ നേതൃത്വത്തില്‍ യുഎന്‍എയാണ് നയിക്കുന്നത്.
സംഘടനയുടെ ഫണ്ട് പ്രതികള്‍ ഫ്ലാറ്റ് വാങ്ങാനും കാറുകള്‍ വാങ്ങാനും വകമാറ്റി എന്നായിരുന്നു കേസ്. 1.80 കോടിയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിലടക്കം ഫ്ലാറ്റ് വാങ്ങിയെന്നായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. ആശുപത്രി വാങ്ങാൻ എന്ന പേരിലും പ്രതികള്‍ ക്രമക്കേട് നടത്തിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.
2019ല്‍ ജാസ്മിൻ ഷാ അടക്കം അഞ്ചുപേർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിനീട് 2020ല്‍ ജാസ്മിൻ ഷായെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുഎൻഎയുടെ മുൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് ജാസ്മിൻ ഷായ്‌ക്കെതിരെ ആദ്യം പരാതി നല്‍കിയത്. നഴ്‌സുമാരുടെ കയ്യില്‍ നിന്നടക്കം പിരിച്ച പണം ഉള്‍പ്പെടെ ഭീമമായ തുക തട്ടി എന്നായിരുന്നു കേസ്.
