ഏഷ്യാ കപ്പ്: ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം മഴകാരണം ഉപേക്ഷിച്ചു; ഇന്ത്യ – നേപ്പാള്‍ മത്സരം  തിങ്കളാഴ്ച

സ്വന്തം ലേഖകൻ 

പല്ലെക്കെല്ലെ: ഏഷ്യാ കപ്പിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മല്‍സരം മഴകാരണം ഉപേക്ഷിച്ചു. ഇതോടെ മൂന്നു പോയിന്റുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തി. അവസാന ഗ്രൂപ് മല്‍സരത്തില്‍ നേപ്പാളിനെ തോല്‍പിച്ചാല്‍ ഇന്ത്യയ്ക്കും സൂപ്പര്‍ ഫോറിലെത്താം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 266 റണ്‍സെടുത്ത് പുറത്തായ ശേഷമാണ് മഴയെത്തിയത്.

മുന്‍നിര തകര്‍ന്ന മല്‍സരത്തില്‍ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലേക്ക് പതിച്ചിരുന്നു. ഇഷാന്‍ കിഷന്‍ – ഹര്‍ദിക് പാണ്ഡ്യ അഞ്ചാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരുവരും അര്‍ധസെഞ്ചുറി നേടി പുറത്തായി. തിങ്കളാഴ്ചയാണ് ഇന്ത്യ – നേപ്പാള്‍ മല്‍സരം

ഇന്ത്യൻ ഇന്നിങ്‌സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. 4.2 ഓവര്‍ പിന്നിട്ടപ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. പിന്നാലെ 11.2 ഓവര്‍ പിന്നിട്ടപ്പോഴും മഴ കളി തടസപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാൻഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു.