ചങ്ങനാശ്ശേരിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേർ എക്സൈസിന്റെ പി‌ടിയിൽ; ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നത് അതീവ രഹസ്യമായി, പരിശോധനയില്‍ കഞ്ചാവ് തൂക്കി വിൽക്കുന്നതിനുള്ള ത്രാസും കണ്ടെത്തി

കോട്ടയം: ചങ്ങനാശ്ശേരിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും സംഘവും ചേർന്നു നടത്തിയ പട്രോളിംഗിലാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്.

വാകത്താനം സ്വദേശി ഷിജോ പി മാത്യു എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും, പള്ളിക്കാട് സ്വദേശി റെനീഷ് കെ രാജ് എന്നയാളെ 1.124 കിലോഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്.

ആവശ്യക്കാർക്ക് അതീവ രഹസ്യമായി കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നു ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയില്‍ കഞ്ചാവ് തൂക്കി ചില്ലറ വില്‍പന നടത്തുന്നതിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്.

റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്‍.എ.എസ്, സിവില്‍ എക്‌സൈസ് ഓഫീസർമാരായ ഗോപകുമാർ പി ബി, അമല്‍ദേവ്, കെ ഷിജു, സിവില്‍ എക്‌സൈസ് ഓഫീസർ ഡ്രെവര്‍ റോഷി വര്‍ഗീസ് എന്നിവർ പങ്കെടുത്തു.