തിരുവനന്തപുരത്ത് ഫ്ലാറ്റിൽ കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി കൂപ്പർ ദീപു കീഴടങ്ങി; അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്; സംഭവത്തിനുശേഷം പ്രതി ഒളിവിൽ ആയിരുന്നു

തിരുവനന്തപുരം: അപ്പാർട്ട്മെൻ്റില്‍ കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി കൂപ്പർ ദീപു കീഴടങ്ങി. അഭിഭാഷകനൊപ്പം കഴക്കൂട്ടം സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു.

കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തില്‍ സിവില്‍ സർവ്വീസ് പരിശീലനം നടത്തുന്ന വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയുടെ കാമുകൻറെ സുഹൃത്താണ് ദീപു.

കാമുകനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഫ്ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ബലമായി മദ്യം കുടിപ്പിച്ച്‌ ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

പെണ്‍കുട്ടി തന്നെയാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.

പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ തമിഴ്നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.