‘ഡോക്ടര്‍-ജനസംഖ്യ അനുപാതം ഏറ്റവും മോശമായ നിലയില്‍; ഫിനാന്‍ഷ്യല്‍ ഗ്യാപ് മൂലം മരുന്നുകളുടെ കുറവ്; ബ്ലഡ് ബാങ്കുകള്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നു’; പിപിഇ കിറ്റ് അഴിമതി മാത്രമല്ല, സിഎജി കണ്ടെത്തലുകളില്‍ ആരോഗ്യമേഖേല ഗുരുതരാവസ്ഥയില്‍; അക്കമിട്ട് പറഞ്ഞ് റിപ്പോർട്ട്

തിരുവനന്തപുരം: പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി എന്നായിരുന്നു കഴിഞ്ഞ ദിവസം സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രംഗത്ത് വന്നിരുന്നു.

കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോള്‍ കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നുവെന്നായിരുന്നു വിശദീകരണം. പിപിഇ കിറ്റ് അഴിമതിയില്‍ ചര്‍ച്ച തുടരുമേള്‍ ആരോഗ്യ മേഖല നേരിടുന്ന ഗുരുതര അവസ്ഥയെക്കുറിച്ച്‌ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന ഭാഗം വേണ്ടത്ര ചര്‍ച്ചയാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആരോഗ്യ മേഖലയിലെ പല ഗുരുതര വീഴ്ചകളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ട്. അത് 10 കോടിയുടെ അഴിമതിയേക്കാള്‍ ഗുരുതരമാണ്. ഡോക്ടര്‍-ജനസംഖ്യ അനുപാതം ഏറ്റവും മോശമായ നിലയിലാണെന്നും ഫിനാന്‍ഷ്യല്‍ ഗ്യാപ് മൂലം മരുന്നുകളുടെ കുറവ് നേരിടുന്നുവെന്നും ചില ബ്ലഡ് ബാങ്കുകള്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നതടക്കം ഒട്ടേറെ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ് സിഎജി റിപ്പോര്‍ട്ട്.