അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോൾ പ്രതി പീഡിപ്പിക്കുകയായിരുന്നു; കരഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി; പ്രതി മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട അമ്മുമ്മ കൂടുതൽ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തിറഞ്ഞത്; സ്വകാര്യഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായി മുറിവേറ്റിരുന്നു

തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. ഫെലിക്‌സിനാണ് (62) കോടതി 102 വര്‍ഷം ശിക്ഷ വിധിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷവും മൂന്നുമാസവും കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.

2020 നവംബര്‍ മാസം മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ അച്ഛന്റെ ചേട്ടനാണ് പ്രതി.

കുട്ടി കളിക്കാനായി വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തി.

പ്രതി മോശക്കാരനാണെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞത് കേട്ട അമ്മൂമ്മ കൂടുതല്‍ വിവരം ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പറഞ്ഞത്.

തുടര്‍ന്നു കുട്ടിയുടെ സ്വകാര്യ ഭാഗം പരിശോധിച്ചപ്പോള്‍ ഗുരുതരമായി മുറിവേറ്റിരുന്നു. തുടര്‍ന്ന് കഠിനംകുളം പൊലീസില്‍ വിവരം അറിയിച്ചു.

പ്രതി നടത്തിയത് ക്രൂരമായ പ്രവൃത്തിയായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് കോടതി പറഞ്ഞു.